വെനസ്വേലയില്‍ വന്‍ നാശം വിതച്ച് ഇരട്ട ഭൂചലനം; 35 ടണിലധികം അടിയന്തര സഹായവുമായി ഇന്ത്യ

 


ന്യൂഡല്‍ഹി: ഭൂചലനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായ വെനസ്വേലയ്ക്ക് ഇന്ത്യയുടെ സഹായം. കരസേനയുടെ പ്രത്യേക സംഘം വെനസ്വേലയിലേക്ക് പുറപ്പെട്ടു. ഒപ്പം പ്രത്യേക മെഡിക്കല്‍ സംഘവും രണ്ട് വ്യോമസേന വിമാനങ്ങളിലായി പുറപ്പെട്ടിട്ടുണ്ട്.

വെനസ്വേലയിലേക്കുള്ള അടിയന്തര സഹായവുമായി ഇന്ത്യന്‍ എയര്‍ക്രാഫ്റ്റായ IAF MCC C17s യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു. മെഡിസിന്‍ ഉള്‍പ്പെടെ 35 ടണിലധികം സഹായമാണ് ഇന്ത്യ വെനസ്വേലയില്‍ എത്തിക്കുക. ഇതില്‍ രണ്ട് BHISHM ക്യൂബുകളും ഉള്‍പ്പെടുന്നു

'ഓപ്പറേഷന്‍ അമിസ്റ്റാഡ്' എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം. അതേസമയം വെനസ്വേലയില്‍ തുടര്‍ച്ചയായി ഉണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 235 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഏകദേശം 4300ലധികം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ആയിരത്തിലധികം പേരെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തില്‍ ബ്രസീല്‍, ചൈന, പോര്‍ച്ചുഗല്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ്, തുറമുഖ നഗരമായ ലാ ഗൈ്വറ എന്നിവടങ്ങളിലും സമീപപ്രദേശങ്ങളിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.

നിരവധി ആളുകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ തെരുവുകളിലും താത്കാലിക ക്യാമ്പുകളിലുമാണ് കഴിയുന്നത്.

കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജ്യത്ത് വന്‍ നാശം വിതച്ചുകൊണ്ട് ഭൂചലനം ഉണ്ടായത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വെനസ്വേലയ്ക്ക് അടിയന്തര സഹായങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ അത്യാധുനിക രക്ഷാപ്രവര്‍ത്തക സംഘത്തെ വെനസ്വേലയിലേക്ക് അയക്കുമെന്നണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments