പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ വലതുവശത്ത് മേൽക്കൂരയിൽ രണ്ടടി നീളത്തിൽ സ്വർണത്തിന്റെ നിറം മങ്ങിയതായി കണ്ടെത്തി. ആറുമാസമായി ഇതുണ്ടെങ്കിലും, ചൊവ്വാഴ്ചയാണ് ശ്രദ്ധയിൽപ്പെട്ടത്. മണ്ഡല-മകരവിളക്ക് സീസണിൽ ആരോ നെയ്യ് വലിച്ചെറിഞ്ഞത് അവിടെക്കിടന്ന് പൊടിയുംമറ്റും ചേർന്ന് കറുത്ത നിറമായി മാറിയതാണെന്നാണ് ദേവസ്വം ബോർഡിന്റെ പ്രാഥമികനിഗമനം. ഇക്കൊല്ലം ജനുവരി ആദ്യമാണ് ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. ആസമയത്ത് മഴ ഇല്ലാതിരുന്നതിനാൽ നെയ്യ് അവിടെത്തന്നെ കിടന്നു.
ശ്രീകോവിലിന്റെ പിന്നിൽ മുഖപ്പിനുതാഴെയും രണ്ടടിയോളം നീളത്തിൽ കറുത്ത നിറം കാണാനുണ്ട്. പക്ഷേ, ഇത് എന്നാണുണ്ടായതെന്നതിന് വ്യക്തതയില്ല.
ജനുവരി എട്ടിന് മാതൃഭൂമി പകർത്തിയ ചിത്രത്തിൽ നിറവ്യത്യാസം കാണാനുണ്ട്. 2025 ഡിസംബർ 28-ന് നട അടച്ചസമയത്തുള്ള ചിത്രത്തിൽ വ്യത്യാസമില്ല. ഡിസംബർ 30-നാണ് മകരവിളക്കിന് നട തുറന്നത്. ജനുവരി ഒന്നിന് പകർത്തിയ ചിത്രത്തിലും കാണാനില്ല. ജനുവരി രണ്ടുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ഒരുദിവസമായിരിക്കാം നിറംമാറ്റം ഉണ്ടായതെന്ന് ഉറപ്പിക്കാം.
തിരുവാഭരണം കമ്മിഷണർ ആർ. റെജിലാലിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ദേവസ്വം സ്മിത്താണ് പരിശോധന നടത്തിയത്.
വെള്ളമുപയോഗിച്ച് കഴുകിയാൽ മാറുമെന്നാണ് സ്മിത്ത് നൽകിയ നിർദേശം. എന്നാൽ, ശ്രീകോവിലായതിനാൽ തന്ത്രിയുടെ അനുമതി വേണം. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും വൃത്തിയാക്കൽ ഉണ്ടാകുക.

0 Comments