നീറ്റ് യുജി പുനഃപരീക്ഷ; സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി



നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അപേക്ഷകര്‍ക്ക് അനുവദിച്ചിരിക്കുന്ന നഗരം ഇതില്‍ കാണാനാകും. അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്നും എന്‍ടിഎ അറിയിപ്പ് നല്‍കി. പരീക്ഷാ തീയതിയോട് അടുപ്പിച്ച് അഡ്മിറ്റ് കാര്‍ഡ് പ്രത്യേകം പുറത്തിറക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

അതിനിടെ, ഈ മാസം നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിച്ച് എന്‍ടിഎ രംഗത്തെത്തി. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍ടിഎ പരാതി നല്‍കും. പരീക്ഷാര്‍ത്ഥികളിലും അവരുടെ രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കാനാണ് ശ്രമം. ആരോപണത്തിന് പിന്നില്‍ തട്ടിപ്പ് റാക്കറ്റുകളാണ്. നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട് – എന്‍ടിഎ വ്യക്തമാക്കി.

അതേസമയം, പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോക്രോച്ച് ജനതാപാര്‍ട്ടി. ഏഴ് ദിവസത്തിനുള്ളില്‍ രാജി വച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും.

Post a Comment

0 Comments