ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേര് പുറത്തുവിട്ട് കേന്ദ്രം

 



ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തത്. ദേശീയ യുദ്ധസ്മാരക വെബ്‌സൈറ്റിലെ റോള്‍ ഓഫ് ഓണര്‍ സെക്ഷനിലും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് 10 ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, വീരചക്ര ബഹുമതി നേടിയ 4 ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേഷ് കുമാര്‍, 851 ലൈറ്റ് റെജിമെന്റിലെ ഏവിയേഷന്‍ ടെക്‌നീഷ്യന്‍ മൂദ് മുരളിനായിക്, 237 ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് കമ്പനിയിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, വായുസേനാ മെഡല്‍ ജേതാവായ 39 വിങിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര യോദ്ധാക്കള്‍.

2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിനു തുടക്കമിട്ടത്. മേയ് ഏഴിന് പുലര്‍ച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിങ്ങനെ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

Post a Comment

0 Comments