ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം ഒമാൻ ഉൾക്കടലിൽ വച്ചായിരുന്നു പലാവു ഫ്ലാഗ് ചെയ്ത 'എംടി സെറ്റെബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈൻ സ്വദേശിയും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നാലെ 21 ഇന്ത്യൻ നാവികരെ ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് പേരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്ത്യൻ സമുദ്രസമൂഹത്തിന് ഇതൊരു വലിയ നഷ്ടമാണെന്നും കപ്പലിലുണ്ടായ ദാരുണമായ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മന്ത്രി സർബാനന്ദ സോണോവാൾ എക്സിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായും ആവശ്യമായ എല്ലാ പിന്തുണയും മോദി സര്‍ക്കാര്‍ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയ മറ്റ് ജീവനക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാനും, മരിച്ചവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമങ്ങൾക്കായി എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അക്രമണത്തെ തുടർന്ന് ഇന്ത്യ ഇതിനകം തന്നെ യുഎസിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

0 Comments