ബംഗളൂരു: കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയിൽ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഡി.കെ ശിവകുമാർ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ സത്യവാചകം ചൊല്ലിയത്. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ ഇന്നലെ എഐസിസി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് തുടങ്ങിയവരും അൽപ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.
135 എംഎൽഎമാരിൽ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കർണാടകയിലും നടത്തുന്നതിൽ ചില ലക്ഷ്യങ്ങൾ ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കർണാടകയിൽ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാൾ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാൻഡിന്‍റെ കണക്കു കൂട്ടൽ.

0 Comments