അടയ്ക്കാത്തോട്ടിൽ പുലിയുടെ ആക്രമണം; മയക്കുവെടി വിദഗ്ധർ ഉൾപ്പെടെ തിരച്ചിൽ തുടരുന്നു പുലിയെ കണ്ടെത്തിയാൽ മയക്കുവെടിവെച്ച് പിടികൂടും

 

 



കേളകം: അടയ്ക്കാത്തോട് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് മയക്കുവെടി വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. പുലിയെ പിടികൂടുന്നതിനായി നിലവിലുള്ള കൂടിന് പുറമെ ഇന്ന് വൈകിട്ടോടെ മറ്റൊരു കൂട് കൂടി സ്ഥലത്തെത്തിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് വനമേഖലയിലും ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിലുമായി പരിശോധന നടത്തുന്നത്.

പുലിയെ കണ്ടെത്താൻ കഴിയുന്ന സാഹചര്യത്തിൽ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ രാത്രികാലങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ സൂക്ഷിക്കണമെന്നും വനം വകുപ്പ് നിർദേശിച്ചു. പുലിയെ കണ്ടെത്തി പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Post a Comment

0 Comments