പർഭാനി: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ യശ്‌വാദി ക്ഷേത്രത്തിൽ മേൽക്കൂര തകർന്ന് വീണ് നാല് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുൻവശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബ് നിർമാണ ജോലികൾക്കിടെ തകർന്നു വീഴുകയായിരുന്നു.
അപകടസമയത്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 27 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇവരിൽ ഏഴ് പേർ ജില്ലാ ജനറൽ ആശുപത്രിയിലും 20 പേർ ആർ.പി. മെഡിക്കൽ കോളേജിലും നിലവിൽ ചികിത്സയിലാണ്. നിർമാണത്തിലിരുന്ന തൂണുകൾ ഉറപ്പിക്കുന്നതിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്ന് പ്രദേശത്തെ എം.എൽ.എ രാജേഷ് വിതേക്കർ പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments