'ഈ പരിപാടി അവസാനിപ്പിക്കണം, കർശന നടപടിയുണ്ടാകും': ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിലുള്ള ലഹരിക്കടത്ത് തടയുമെന്ന് രമേശ് ചെന്നത്തില





ആലപ്പുഴ: ലഹരിമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്തും വിപണനവും ഉടനടി അവസാനിപ്പിക്കണമെന്ന കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം. ലഹരിക്കേസുകളിൽ പിടിക്കപ്പെടുന്നവർക്കായി രാഷ്ട്രീയ നേതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ശുപാർശ കേൾക്കരുതെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓൺലൈൻ ഫുഡ് ഡെലിവറി, ആംബുലൻസ് സർവീസുകൾ എന്നിവ നിരീക്ഷിക്കും. രോഗികളില്ലാതെ സൈറൺ മുഴക്കിപ്പോകുന്ന ചില ആംബുലൻസുകളിലെ ഡ്രൈവർമാർ ലഹരിമരുന്ന് വിൽപനയ്ക്ക് മുതിരുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്സിനെ സാധാരണയായി ആരും പരിശോധിക്കാറില്ല എന്നതു മുതലെടുത്ത്, ഇവർ വഴി പലയിടങ്ങളിലും ലഹരിമരുന്ന് എത്തിച്ചു നൽകുന്നതായും വലിയ പരാതികളുണ്ട്. ഇത്തരക്കാർക്ക് ഇതൊരു അവസാന മുന്നറിയിപ്പാണെന്നും നിയമത്തിന് മുന്നിൽ എത്താതിരിക്കാൻ ഈ പരിപാടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പൊലീസിന്റെ കർശന പരിശോധനയും ശക്തമായ നടപടിയും നേരിടേണ്ടി വരുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ ലോറികളിൽ പുകയില ഉൽപന്നങ്ങൾ കടത്തുന്നത് വ്യാപകമാണെന്നും ഇത്തരം ഏർപ്പാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments