മയാമി: ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വേയെ സമനിലയിൽ തളച്ച് കേപ്പ് വെർദെ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി ആവേശകരമായ സമനിലയിലാണ് പിരിഞ്ഞത്. കേപ്പ് വെർദെക്കായി കെവിൻ പീന, ഹീലിയോ വരേല എന്നിവർ ഗോൾ നേടിയപ്പോൾ മാക്സിമില്യൻ അറോഹോയും അഗസ്റ്റിൻ കനോബിയോയുമാണ് ഉറുഗ്വേക്കായിൽ ഗോൾ നേടിയത്. ഗ്രൂപ്പിലെ രണ്ട് മികച്ച ടീമുകളെ സമനിയിൽ തളച്ച് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അരങ്ങേറ്റക്കാരായ കേപ്പ് വെർദെ.
മയാമി സ്റ്റേഡിയത്തിലാണ് ഉറുഗ്വേ - കേപ്പ് വെർദെ മത്സരം നടന്നത്. ആദ്യ പകുതിയിൽ തന്നെ കുഞ്ഞന്മാരായ കേപ്പ് വെർദെയാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 21ാം മിനിറ്റിൽ 35 വാര അകലെ നിന്ന് ഫ്രീകിക്ക് ഗോളാക്കി കെവിൻ പീനയാണ് കേപ്പ് വെർദെക്ക് ലീഡ് നൽകി. കുഞ്ഞൻ രാജ്യത്തിന്റെ ലോകകപ്പ് വേദിയിലെ ആദ്യ ഗോളായിരുന്നു അത്. ലോകകപ്പ് വേദിയിൽ ഡിറെക്റ്റ് ഫ്രീകിക്കിലൂടെ തങ്ങളുടെ ആദ്യ ലോകകപ്പ് ഗോൾ കുറിക്കുന്ന ടീമെന്ന റെക്കോർഡും കേപ്പ് വെർദെ ഇതിലൂടെ സ്വന്തമാക്കി. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകളുമായി യുറുഗ്വേ മത്സരം കീഴ്മേൽ മറിച്ചു. പോസ്റ്റിൽ തട്ടിവന്ന പന്ത് ഒഴിഞ്ഞ ഗോളിലേക്ക് തട്ടിയിട്ടാണ് മാക്സിമില്യൻ അറോഹോ (44) സമനില നേടിയായത്. മിനിറ്റുകൾക്കകം മാക്സിമില്യൻ അറോഹോ ഒരുക്കിക്കൊടുത്ത അവസരം ഗോളാക്കി മാറ്റി അഗസ്റ്റിൻ കനോബിയോ (45+6) ഉറുഗ്വേക്ക് ലീഡ് നൽകി.
രണ്ടാം പകുതിയിൽ 61ാം മിനിറ്റിൽ ഉറുഗ്വേ പ്രതിരോധനിര താരം മതിയാസ് ഒലിവേരയുടെ ലക്ഷ്യം തെറ്റിയ ബാക് പാസിലേക്ക് ഓടിയെത്തിയ ഹീലിയോ വരേല ബോക്‌സിന് പുറത്തേക്ക് ഓടിയെത്തിയ ഉറുഗ്വേ ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ചു. അങ്ങനെ ആവേശകരമായ മത്സരം 2-2 എന്ന സമനിയിൽ അവസാനിച്ചു.
വിസ ലഭിച്ച് യുഎസിലെത്തിയ കേപ്പ് വെർദെ ഗോൾ കീപ്പർ വൊസീന്യയുടെ അമ്മ ഉറുഗ്വേക്കെതിരെയുള്ള മത്സരത്തിന് ഗാലറിയിലുണ്ടായിരുന്നു. ഗ്രൂപ്പിൽ അവസാനവും നിർണായകവുമായ മത്സരത്തിൽ ഉറുഗ്വേ സ്പെയിനിനെയും കേപ്പ് വെർദെ സൗദി അറേബ്യയെയും നേരിടും. നിലവിൽ നാല് പോയിന്റുകളുമായി സ്‌പെയിൻ പട്ടികയിൽ ഒന്നാമതും രണ്ട് പോയിന്റ് വീതമുള്ള ഉറുഗ്വേ രണ്ടാമതും കേപ്പ് വെർദെ മൂന്നാമതുമാണ്. ഓരോ പോയിന്റുള്ള സൗദി അറേബ്യയാണ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത്.

0 Comments