വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ; നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്, പരാതി നൽകി

 



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി അംഗങ്ങൾ ഇന്ന് നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്. എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ എസ്.പി ദീപക് പരാതി നൽകി.

തദ്ദേശ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, നഗരസഭാ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് കോടതി ഉത്തരവ്. പരാതിക്കാരനെ പോലും മുൻകൂട്ടി അറിയിക്കാതെ സത്യപ്രതിജ്ഞ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യം.

ഹൈക്കോടതി നാലാഴ്ച സമയം കൊടുത്തിട്ടുണ്ടെന്നും വീണ്ടും തെറ്റ് ആവർത്തിക്കും എന്ന പ്രവണതയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും എസ്.പി ദീപക് പറഞ്ഞു. ഹരജിക്കാരനെ പോലും സത്യപ്രതിജ്ഞാ ചടങ്ങ് അറിയിച്ചില്ല. ജനങ്ങളെ അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടെയെന്നും മാധ്യമ പ്രവർത്തകർ വിളിച്ച് ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കൗൺസിലർമാരെ കാര്യം അറിയിച്ചില്ല. 29ന് കൗൺസിൽ വിളിക്കും എന്നാണ് പറഞ്ഞിരുന്നത്. ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഉണ്ടാകുന്നത്. ഓൺലൈനായി സത്യപ്രതിജ്ഞ ചടങ്ങ് വിളിക്കാൻ മടിക്കാത്ത കൂട്ടരാണ് ഇവർ. തിടുക്കപ്പെട്ട് ചെയ്ത് എന്തിനെന്ന് അറിയില്ല. ഡെപ്യൂട്ടി മേയർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അവരുടെ എല്ലാ പ്രിവിലേജും ഇന്ന് അവസാനിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടും എന്ന പേടിയാണ് സത്യപ്രതിജ്ഞയ്ക്ക് പിന്നിലെന്നും ദീപക്.

അതേസമയം, വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ നടത്തിയതിന് ഹൈക്കോടതി അസാധുവാക്കിയ 20ൽ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത് ഈശ്വര നാമത്തിൽ.

നേരത്തെയുള്ള സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഈ 20 കൗൺസിലർമാരും നിയമാനുസൃതമായ വാചകങ്ങൾ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. എസ്.പി ദീപക് സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.

കേര‌ള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'സഗൗരവം' മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ സഭാംഗങ്ങൾക്ക് നിയമപരമായി അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഔദ്യോഗികമായി നിശ്ചയിച്ചു നൽകിയ സത്യപ്രതിജ്ഞാ വാചകത്തിന് പകരം ബിജെപിയുടെ 20 കൗൺസിലർമാർ തങ്ങൾക്ക് ഇഷ്ടമുള്ള ദേവതകളുടെയും വ്യക്തികളുടെയും പേരിലാണ് പ്രതിജ്ഞ ചൊല്ലിയത്.

Post a Comment

0 Comments