കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയ സംസ്ഥാനത്തെ വൻകിട അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ ഒമ്പതിടങ്ങളിൽ ഇഡി നടത്തിയ മിന്നൽ പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ പിടിച്ചെടുത്തു. അവയവക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ നജീബ്, ഇയാളുടെ ഭാര്യ റഷീദ എന്നിവർക്ക് പുറമെ തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അവയവക്കടത്തിലൂടെ സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എവിടേക്കാണ് മാറ്റിയതെന്നും, ഏതൊക്കെ മേഖലകളിൽ ഇവ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ ഏജൻസി. സാമ്പത്തിക ശൃംഖല പൂർണമായും വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പരിശോധന നടന്ന ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെ വിവരങ്ങളും, ഇവർ അനുമതിക്കായി അപ്പിലിയേറ്റ് അതോറിറ്റിക്ക് മുന്നിൽ സമർപ്പിച്ച രേഖകളുമാണ് ഇഡി പ്രധാനമായും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അവയവദാനത്തിന് നിയമപരമായ പരിരക്ഷ നേടിയെടുക്കാൻ ആശുപത്രികൾ വഴി സമർപ്പിച്ച പല രേഖകളും വ്യാജമാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ വരുംദിവസങ്ങളിൽ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
അവയവക്കടത്തിന് പിന്നിലെ വൻ വ്യാജരേഖാ ശൃംഖലയെക്കുറിച്ച് ആദ്യം വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കേരള പൊലീസാണ്. ജനപ്രതിനിധികളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വരെ ലെറ്റർ ഹെഡുകൾ കൃത്രിമമായി ഉണ്ടാക്കിയാണ് പ്രതികൾ അവയവമാറ്റത്തിനുള്ള അനുമതികൾ തരപ്പെടുത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിന് പിന്നാലെയാണ് ഇതിലുൾപ്പെട്ട കള്ളപ്പണ ഇടപാടുകളുടെ വേരുകൾ തേടി ഇഡി രംഗത്തെത്തിയത്. കേസിന്റെ അന്വേഷണം നിലവിൽ സുപ്രധാനമായ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും, പിടിച്ചെടുത്ത രേഖകൾ വരുംദിവസങ്ങളിൽ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തിക്കാൻ സഹായിക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
0 Comments