കൊച്ചി: കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര കലഹം രൂക്ഷം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച ശ്വേത മേനോൻ സംഘടനാ അംഗത്വവും രാജിവെച്ചു. മുൻ ഭരണസമിതിക്കെതിരെയും ഭാരവാഹികൾക്കെതിരെയും ഗുരുതര സാമ്പത്തിക-ഭരണപരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ശ്വേത മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്. കൃത്യമായ അജണ്ട വെച്ചാണ് നിലവിലെ ഭരണസമിതിയെ രാജിവെപ്പിച്ചതെന്നും, മറ്റൊരാളുടെ പാവയായി നിന്ന് സംഘടനയെ നയിക്കാൻ താൻ തയ്യാറല്ലെന്നും ശ്വേത തുറന്നടിച്ചു.
സംഘടനയുടെ നേതൃതലത്തിൽ വലിയ തോതിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന സൂചനയാണ് ശ്വേത മേനോൻ നൽകുന്നത്. 'ഒരു പാവയായി നിൽക്കാതെ 'അമ്മ'യെ നയിക്കാൻ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ അത്തരത്തിൽ വെറുമൊരു പാവയായി തുടരാൻ ഞാൻ ഒരുക്കമല്ല. കൃത്യമായ അജണ്ടകൾ മുൻനിർത്തിയാണ് ഭരണസമിതിയെക്കൊണ്ട് ഒന്നടങ്കം രാജിവെപ്പിച്ചത്', ശ്വേത വ്യക്തമാക്കി.
സംഘടനയുടെ സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ ശ്വേത മേനോൻ പൂർണമായി തള്ളി. താൻ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കണക്കുകൾ തികച്ചും കൃത്യമാണെന്ന് അവർ അവകാശപ്പെട്ടു. സാമ്പത്തിക വീഴ്ചകൾ സംഭവിച്ചത് തനിക്ക് മുൻപ് ബാബുരാജ് നേതൃത്വം നൽകിയ കമ്മിറ്റിയുടെ കാലത്താണ്. അക്കാലത്ത് അവർ വരുത്തിവെച്ച വലിയ കുഴപ്പങ്ങൾ സംഘടനയുടെ നല്ലതിനെ കരുതി പുറത്തുപറയാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നും ശ്വേത വെളിപ്പെടുത്തി.
രാജിവെച്ച ട്രഷറർ ഉണ്ണി ശിവപാലിനെതിരെയും അതിരൂക്ഷമായ വിമർശനമാണ് ശ്വേത ഉന്നയിച്ചത്. ഭരണസമിതിയിലെ മറ്റ് അംഗങ്ങൾക്ക് ഒരു ഔദ്യോഗിക അറിയിപ്പ് പോലും നൽകാതെ ഉത്തരവാദിത്തങ്ങളിൽ നിന്ന് 'ഓടി രക്ഷപ്പെട്ട' വ്യക്തിയാണ് ഉണ്ണി ശിവപാൽ. അദ്ദേഹം പെട്ടെന്ന് ചുമതലകൾ ഉപേക്ഷിച്ചു പോയതുകൊണ്ടാണ് ഔദ്യോഗിക കണക്കുകൾ യഥാസമയം കൃത്യമായി തയ്യാറാക്കാൻ സാധിക്കാതെ വന്നതെന്നും ശ്വേത കുറ്റപ്പെടുത്തി.
0 Comments