'അമ്മ' ജനറല്‍ ബോഡിയില്‍ തർക്കം രൂക്ഷം; ഭരണസമിതി രാജി വച്ചു


കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ കടുത്ത തര്‍ക്കം. ഭരണസമിതി രാജി വച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിനെ ചൊല്ലി അംഗങ്ങള്‍ തമ്മിലടിച്ചു. നിലവിലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. ഇതോടെ കമ്മിറ്റിക്ക് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയാതെയായി. ഇതിന് പിന്നാലെ, താൻ രാജിവെക്കുകയാണെന്ന് സംഘടനാ പ്രസിഡൻറ് ശ്വേതാ മേനോൻ വേദിയില്‍ കയറി പ്രഖ്യാപിച്ചു. സംഘടനയിലെ വിഷയങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്ന് ശ്വേത ആവശ്യപ്പെട്ടു. ശ്വേതയെ മറ്റ് അംഗങ്ങള്‍ ചേർന്ന് അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു.

സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ വിസമ്മതിച്ചത്. റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്‍പില്‍ ചീഞ്ഞളിഞ്ഞുവെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തി. 'അമ്മ' മുന്‍ ഭാരവാഹി കൂടിയായ നടന്‍ മോഹന്‍ലാല്‍ വേദിയില്‍ വികാരഭരിതനായി സംസാരിച്ചു.

റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെ ഭരണസമിതി തുടരുമെന്ന് ചോദ്യമുയര്‍ന്നു. സംഘടനയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമല്ലെന്നും ആരോപണമുയര്‍ന്നു. ഇതോടെ, കണക്ക് അവതരിപ്പിക്കാന്‍ 45 ദിവസം സമയം വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പാസാക്കാന്‍ ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തില്‍ ശ്രമം നടക്കുകയാണ്.

സംഘടനയിലെ പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മോഹന്‍ലാല്‍ വൈകാരികമായി സംസാരിച്ചത്. സംഘടനയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മറ്റു കാര്യങ്ങള്‍ ജനറല്‍ ബോഡി തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Post a Comment

0 Comments