തിരുവനന്തപുരം: ടാറ്റയുമായി കരാറെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്നാണ് വിശദീകരണം.
വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല. ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിയില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിനായി സര്‍ക്കാര്‍ സൗകര്യമൊരുക്കിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
മിഷന്‍ സമുദ്ര കേവലം ഒരു കപ്പല്‍ നിര്‍മാണ യൂണിറ്റില്‍ ഒതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍, മറൈന്‍ എന്‍ജിനീയറിങ്, തീരദേശ നിര്‍മ്മാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങി അനുബന്ധ വ്യവസായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ ചര്‍ച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയില്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കപ്പല്‍ നിര്‍മ്മാണശാലയ്ക്കായി ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കും എന്നായിരുന്നു അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ടാറ്റ ഗ്രൂപ്പ് പ്രതിനിധി രംഗത്തെത്തിയിരുന്നു.
തങ്ങള്‍ക്ക് കേരളത്തില്‍ നിക്ഷേപ പദ്ധതിയില്ലെന്നായിരുന്നു ടാറ്റയുടെ പ്രതികരണം. ഇക്കണോമിക് ടൈസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വി.ഡി സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ടാറ്റ ഗ്രൂപ്പ് പ്രതിനിധി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

0 Comments