ദില്ലി: ദില്ലി ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവ് പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. അനിശ്ചിതകാല നിരാഹാരത്തിലുള്ള സോനം വാങ്ചുക്കിന്റെ ആരോഗ്യ നില ആശങ്കയിലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി ജെ പി നടത്തുന്ന അനിശ്ചിത കാല സമരത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് പ്രതിഷേധത്തിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് വിമർശനം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസ് വക്താവും എം പി യുമായ പവൻ ഖേർ ഇന്ന് സിജെപി സമര വേദിയിലെത്തിയത്. അനിശ്ചിത കാല നിരാഹരത്തിലുള്ള സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച പവൻ ഖേര ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തിപരമായി സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തങ്ങളുടെതായ രീതിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തുണ്ടെന്ന് വിശദീകരണവുമായി പവൻ ഖേര രംഗത്തെത്തിയത്.

0 Comments