ബ്രിസ്റ്റോൾ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും തോറ്റ് ഇന്ത്യ. ഒമ്പത് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. നാളെ വൈകീട്ട് 7 മണിക്ക് റോസ് ബോൾ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം.
ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയാണ്. 6.4 ഓവറിൽ ഇന്ത്യൻ ടോപ് ഓഡറിലെ മൂന്ന് വിക്കറ്റുകൾ ഇംഗ്ലണ്ട് പിഴുതെടുക്കുമ്പോൾ സ്‌കോർ ബോർഡിൽ വെറും 48 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈഭവ് സൂര്യവൻഷി 15 (10), ഇഷാൻ കിഷൻ 4 (6), അഭിഷേക് ശർമ 16 (14) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ എഴോവറിൽ നഷ്ടമായത്.
പിന്നാലെയിറങ്ങിയ നായകൻ ശ്രേയസ് അയ്യർ 80 (49), ശിവം ദുബെ 22 (23) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. തിലക് വർമ 11ഉം വാഷിങ്ട്ടൺ 5 റൺസും നേടി പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്രെ ആർച്ചർ, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും നേടി.
ചേസിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ട്ലറെ 8 (8) അതിവേഗം മടക്കാൻ അർശ്ദീപ് സിങ്ങിനായെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴാതിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. നായകൻ ഹാരി ബ്രൂക്ക് 79* (35), ഫിൽ സാൾട്ട് 59* (42) എന്നിവർ ചേർന്ന് ഇംഗ്ലണ്ടിന് 9 വിക്കറ്റിന്റെ കൂറ്റൻ ജയം സമ്മാനിച്ചു.

0 Comments