ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടയിൽ 4800 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. കമ്പനിയയുടെ മൊത്തം ജീവനക്കാരുടെ 2.1 ശതമാനം വരുമിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിനായി പ്രമുഖ ഐടി കമ്പനികൾ കോടിക്കണക്കിന് ഡോളറാണ് ചിലവിടുന്നത്. അതിനിടയിലാണ് മൈക്രോ സോഫ്റ്റിനും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് മാത്രമല്ല ഈ വർഷം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ആമസോൺ, മെറ്റാ പ്ലാറ്റ്‌ഫോംസ് തുടങ്ങിയ പ്രമുഖ കമ്പനികളും ഈ വർഷം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ വർഷം ബിഗ് ടെക് കമ്പനികളുടെ എഐ നിക്ഷേപം 700 ബില്യൺ ഡോളർ കവിയുമെന്നാണ് വ്യവസായ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വർധിച്ചുവരുന്ന ചെലവുകൾ കൈകാര്യം ചെയ്യാനും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം ഉറപ്പാക്കാനുമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
2026 ന്റെ ആദ്യപകുതിയിൽ വലിയ തിരിച്ചടിയാണ് മൈക്രോസോഫ്റ്റ് നേരിടുന്നത്. ജനുവരി മുതൽ ജൂൺ വരെ കമ്പനിയുടെ ഓഹരികൾ 23 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്തകൾ പുറത്തുവരുന്നത്. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം ആദ്യ പകുതിയാണിത്. ഈ വർഷം ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സിലെ തങ്ങളുടെ 9,000 ഓളം ജീവനക്കാർക്ക് വളണ്ടറി റിട്ടയർമന്റും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയായാണ് പിരിച്ചുവിടൽ.
മൈക്രോസോഫ്റ്റ് തങ്ങളുടെ ഗെയിമിംഗ് ബിസിനസ്സിലും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ഡിവിഷന്റെ പുതിയ മേധാവി ആശാ ശർമ്മ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ, ഗെയിമിംഗ് ബിസിനസ്സിന് ഒരു 'റീസെറ്റ്' ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

0 Comments