പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജാമ്യത്തിനായി 13 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാവാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്നും കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികളുടെ നിലപാട് കൂടി അറിഞ്ഞശേഷം ആയിരിക്കും കോടതി ജാമ്യ അപേക്ഷയിൽ ഉത്തരവ് പറയുക.

ടി. വീണ പ്രതിയായ സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതേസമയം ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കുകയായിരുന്നു.

സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയാണ് പൊതുതാൽ‍പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

0 Comments