സൂപ്പർ മെറീനോ ; ബെൽജിയത്തെ വീഴ്ത്തി സ്‌പെയിൻ സെമി ഫൈനലിൽ

 



ലോസ് ആഞ്ചലസ്‌ : ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെമി ഫൈനൽ ബെർത്തുറപ്പിച്ച് സ്‌പെയിൻ. ഫാബിയാൻ റൂയിസ്, മിക്കൽ മെറീനോ എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്. കെറ്റലാറയാണ് ബെൽജിയത്തിനായി ആശ്വാസ ഗോൾ നേടിയത്. സെമിയിൽ ഫ്രാൻസാണ് സ്പെയിന്റെ എതിരാളികൾ.

ആദ്യ ഇലവനിൽ ഒരു മാറ്റവുമായാണ് സ്‌പെയിൻ ഇറങ്ങിയത്. പെഡ്രിയെ പരിശീലകൻ ലാ ഫ്യൂവന്റ പുറത്തിരുത്തിയപ്പോൾ ഫാബിയാൻ റൂയിസ് ടീമിൽ തിരിച്ചെത്തി. തിബോ കൊർട്ടുവയുടെ സേവിൽ നിന്നും വന്ന റീബൗണ്ട് വലയിലെത്തിച്ച് മുപ്പതാം മിനുട്ടിൽ ഫാബിയാൻ സ്പെയ്നിന് ലീഡ് സമ്മാനിച്ചു. പത്ത് മിനിറ്റ് ഇടവേളയിൽ മറുപടി ഗോൾ വന്നു. കാസ്റ്റാഗ്നെയുടെ മനോഹരമായ ക്രോസിനെ കെറ്റലാറ പോസ്റ്റിലേക്ക് വഴിതിരിച്ച് വിടുമ്പോൾ ടൂർണമെന്റിൽ ആദ്യമായി സ്പാനിഷ് ഗോൾവല കുലുങ്ങി.

സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് പിന്നാലെ ഇരുടീമും പദ്ധതികൾ മാറ്റി പരീക്ഷിക്കാൻ തുടങ്ങി. ഫാബിയാൻ റൂയിസിനെയും അലക്സ് ബയേനയെയും പിൻവലിച്ച് ലാ ഫ്യുവന്റ ഫെറാൻ ടോറസിനെയും പെഡ്രിയെയും കളത്തിലിറക്കി. മറുപുറത്ത് ലുക്കാക്കു, വിറ്റ്സൽ തുടങ്ങിയവരും പകരക്കാരായി വന്നു. രണ്ടാം പകുതിയിൽ തിബോ കൊർട്ടുവ പരിക്കേറ്റ് പുറത്ത് പോയത് ബെൽജിയാത്തിന് തിരിച്ചടിയായി.

എൺപത്തിയെട്ടാം മിനുട്ടിലാണ് സ്‌പെയിനിന്റെ വിജയഗോൾ വരുന്നത്. ഗോൾ കീപ്പർ സെന്നെ ലാമൻസിന് പന്ത് കൈകളിൽ ഒതുക്കാൻ മറന്നപ്പോൾ സബ്ബായി ഇറങ്ങിയ മെറീനോ പന്ത് വലയിലാക്കി. പ്രീ ക്വാർട്ടറിലും മെറീനോയാണ് സ്‌പെയിനിന്റെ വിജയഗോൾ നേടിയത്.

Post a Comment

0 Comments