കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബാരൈക് എന്നിവർ ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ, ആഴ്ചകൾക്ക് മുമ്പ് രാജ്യസഭാംഗത്വവും തൃണമൂൽ കോൺഗ്രസ് അംഗത്വവും രാജിവെച്ചതിന് ശേഷമാണ് ഈ മൂന്ന് നേതാക്കളുടെയും പുതിയ നീക്കം. കൊൽക്കത്ത സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ വെസ്റ്റ് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് മുൻ എംപിമാർ പ്രകടിപ്പിച്ചതെന്നും, ഇവരുടെ പരിചയസമ്പത്ത് പശ്ചിമ ബംഗാളിലെ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
''34 വർഷത്തെ ഇടതുമുന്നണി ഭരണത്തിന് ശേഷമാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. എന്നാൽ സഹകരണ ഫെഡറലിസത്തിന് പകരം കേന്ദ്രവുമായി നിരന്തരമായ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയമാണ് സംസ്ഥാനം കണ്ടത്. ഇത് വികസനത്തെ പൂർണമായി തടസപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചാണ് ഈ മൂന്ന് നേതാക്കളും തൃണമൂൽ കോൺഗ്രസ് വിട്ട് ഇന്ന് ബിജെപിയിൽ ചേർന്നിരിക്കുന്നത്''- സമിക് ഭട്ടാചാര്യ പറഞ്ഞു.

0 Comments