മിയാമി: ലോകകപ്പിനിടെ റഫറിമാർക്ക് നേരെയുണ്ടായ പരിധിവിട്ട ആക്രോശത്തിൽ നടപടി വൈകിപ്പിച്ച് രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷൻ(ഫിഫ). ലോകകപ്പിന് ശേഷമാകും ഇത്തരം സംഭവങ്ങൾക്കെതിരായ അച്ചടക്ക നടപടിയിലേക്ക് ഫിഫ കടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിലുടനീളം മാച്ച് ഒഫീഷ്യലുകൾക്ക് (റഫറിമാർക്ക്) നേരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്. ഇംഗ്ലണ്ട് ഹെഡ് കോച്ച് തോമസ് ടുഹേൽ, സ്വിറ്റ്‌സർലൻഡ് ഡിഫെൻഡർ മാനുവൽ അകാൻജി, ഈജിപ്ത് കോച്ച് ഹൊസാം ഹസ്സൻ എന്നിവരെല്ലാം ഒഫീഷ്യലുകൾക്കെതിരെ പരസ്യമായി വാളോങ്ങിയത്. സംഭവം വലിയ ചർച്ചയായെങ്കിലും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നാണ് ഫിഫയുടെ ഔദ്യോഗിക നിലപാട്. ടൂർണമെന്റിന് ശേഷം നടപടിയുണ്ടാകുമെന്നാണ് ഫിഫയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞത്. റഫറിമാരുടെ റിപ്പോർട്ടുകളെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും ഫിഫയുടെ അച്ചടക്ക നടപടി. നാല് വർഷം മുമ്പ് ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷമാണ് ലോക ഫുട്‌ബോളിന്റെ ഗവേണിംഗ് ബോഡി പല മെമ്പർ അസോസിയേഷനുകൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയത്.

0 Comments