കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകളാണ് എഫ്എസ്എസ്എഐ അയച്ചത്. നോട്ടീസിന് കൃത്യമായ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നുമാണ് നിര്‍ദേശം.

ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എഫ്എസ്എസ്എഐ പ്രതികരിച്ചു. വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടും കമ്പനി തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.


കാലാവധി കഴിഞ്ഞ വേ പ്രോട്ടീന്‍, ചീഞ്ഞ മുട്ടകള്‍, കേടായ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷണങ്ങള്‍, കേടായ പാക്കറ്റ് ഭക്ഷണങ്ങള്‍, പാല്‍ എന്നിവയാണ് ഇന്‍സ്റ്റമാര്‍ട്ട് വിതരണം ചെയ്തത്.

ചീഞ്ഞ മുട്ടകളാണ് ഇന്‍സ്റ്റമാര്‍ട്ട് ഡെലിവറി ചെയ്യുന്നതെന്ന് പരാതി ഉയര്‍ന്നിട്ടും പലര്‍ക്കും കേടായതും ദുര്‍ഗന്ധം വമിക്കുന്നതുമായ മുട്ടകള്‍ വീണ്ടും ലഭിച്ചതായും എഫ്എസ്എസ്എഐ പറയുന്നു. കേടായ ഉത്പന്നങ്ങള്‍ തിരികെ നല്‍കിയിട്ടും അതേ ഉത്പന്നങ്ങള്‍ വീണ്ടും ഡെലിവറി ചെയ്തതായും പരാതികളുണ്ട്.

കഴിഞ്ഞ ദിവസം സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ടോയിങ് നിരോധിക്കപ്പെട്ടിരുന്നു. എഫ്എസ്എസ്എഐ കര്‍ണാടക അതോറിറ്റിയുടേതാണ് നടപടി.

ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ചയാണ് നിരോധന ഉത്തരവിന് കാരണമായത്. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റമാര്‍ട്ടും നിയമക്കുരുക്ക് നേരിടുന്നത്.

Post a Comment

0 Comments