തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ മൂങ്കോട്ടുകോണം സ്വദേശി ടോമിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഇയാൾക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കടുത്ത അധിക്ഷേപ ഭാഷയിലുള്ള ശബ്ദസന്ദേശം ഇയാൾ പങ്കുവെച്ചത്. ശമ്പളം ലഭിക്കുന്നതിലെ കാലതാമസവും മറ്റ് പ്രതിസന്ധികളും ഉന്നയിച്ചായിരുന്നു ഉന്നത ഭരണകർത്താക്കൾക്കെതിരെ കേട്ടാലറക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളടങ്ങിയ സന്ദേശം ഗ്രൂപ്പിൽ അയച്ചത്. ഈ വോയ്‌സ് നോട്ട് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു.
സംഭവത്തിൽ പൂവച്ചൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് അച്ചടക്കലംഘനത്തിന് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ടോമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി മാനേജ്‌മെന്റ് ഉത്തരവിട്ടത്. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അച്ചടക്കരഹിതമായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
0 Comments