പുരസ്‌കാരങ്ങള്‍ സര്‍ക്കാരുകളെ അതിജീവിക്കണം, അത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകരുത്; വിമര്‍ശനവുമായി ചന്തു സലിംകുമാര്‍

 



കൊച്ചി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ ചന്തു സലിംകുമാര്‍. പുരസ്‌കാരങ്ങള്‍ സര്‍ക്കാരുകളെ അതിജീവിക്കണമെന്നും കലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ചന്തു പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ചന്തുവിന്റെ പ്രതികരണം. 2050ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകളെ കുറിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയണമെന്നില്ല.

അവാര്‍ഡ് കിട്ടിയ സിനിമകള്‍ക്ക് പുറമെ ഇന്നത്തെ മികച്ച സിനിമകളും അവര്‍ കാണുകയാണെങ്കില്‍, സ്വാഭാവികമായി എന്തുകൊണ്ട് എന്ന ചോദ്യമുയരും. അന്ന് ഭരണത്തിലിരിക്കുന്നവരുമായുള്ള അടുപ്പം പുരസ്‌കാര നിര്‍ണയത്തെ സ്വാധീനിച്ചുവെന്നാണ് മറുപടിയെങ്കില്‍ കാലം അതാവും ഓര്‍മിക്കുകയെന്നും ചന്തു പറഞ്ഞു.

സ്‌ക്രീനില്‍ കാണുന്നത് എന്താണോ അതായിരിക്കും കുട്ടികള്‍ വിശ്വസിക്കുക. അതിനാല്‍ പുരസ്‌കാരങ്ങള്‍ കഴിവിനുള്ള അംഗീകാരമായിരിക്കണം. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകരുത്. പുരസ്‌കാരങ്ങളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും എന്നും നിലനില്‍ക്കുന്നതാണെന്നും ചന്തു ചൂണ്ടിക്കാട്ടി.

ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് സംവിധായകന്‍ ജയരാജ് ചെയര്‍മാനായ ജൂറി നേരിടുന്നത്. ആര്‍ട്ടിക്കിള്‍ 370, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ പ്രൊപഗണ്ട സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെയാണ് വിമര്‍ശനം.

മലയാളം സിനിമകളായ കിഷ്‌കിന്ധ കാണ്ഡം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ തഴയപ്പെട്ടതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

മികച്ച നടിക്കുള്ള പുരസ്‌കാരം ആര്‍ട്ടിക്കിള്‍ 370യിലെ അഭിനയത്തിലൂടെ നടി യാമി ഗൗതം സ്വന്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വിവിധ കാറ്റഗറി അവാര്‍ഡുകള്‍ രാഷ്ട്രീയ ചായ്‌വുകളുടെ ഭാഗമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ചന്തുവിന്റെ പിതാവും നടനുമായ സലിംകുമാറിന് 2010ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഇത്തവണ നോമിനേഷനില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ചന്തുവും ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിച്ചിരുന്നു.

Post a Comment

0 Comments