ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിച്ച് പ്രത്യേക അന്വേഷണ സംഘം. സുപ്രിംകോടതിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാഴ്ച എസ്ഐടി കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.
ഇതിനൊപ്പം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ. അന്തിമ കണ്ടെത്തലുകൾ സമർപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക രേഖകൾ, ഭരണപരമായ നടപടിക്രമങ്ങൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ എന്നിവ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. അന്വേഷണം പൂർത്തിയാക്കാൻ ആദ്യം 15 ദിവസത്തെ സമയമാണ് നൽകിയിരുന്നത്. പിന്നീട് കാലാവധി 15 ദിവസം കൂടി നീട്ടുകയായിരുന്നു.
കൊള്ളയിൽ ടിന്നു യാദവ്, അവിനാശ് ശുക്ല എന്നിവരെ മുഖ്യപ്രതികളാക്കി ആയിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും നിർണായകമാകും. പ്രതികൾ കവർച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ, ട്രസ്റ്റിന്റെ പണമിടപാട് വിവരങ്ങൾ, വ്യാജ രസീതുകൾ എന്നിവ അടക്കം അന്വേഷണ സംഘം റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. എസ്ഐടിയുടെ അന്തിമ റിപ്പോർട്ടിന് ശേഷം ആയിരിക്കും സിബിഐ, ഇഡി എന്നിവരുടെ അന്വേഷണത്തിൽ കോടതി തീരുമാനം എടുക്കുക.
ഉത്തർപ്രദേശ് സർക്കാർ ജൂൺ 13നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റും അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻെറ ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ടിന്നു യാദവാണ് കേസിലെ മുഖ്യ സൂത്രധാരൻ. 70ലധികം സിസിടിവി ദൃശ്യങ്ങളാണ് എസ്ഐടി പരിശോധിച്ചത്. 45 ദിവസത്തിനുള്ളിൽ 70 മോഷണങ്ങൾ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

0 Comments