കൊച്ചി: പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് പൊലീസിന്റെ നിർണായക നടപടി. കേസിലെ മറ്റൊരു പ്രതിയായ 'തൊപ്പി ഗാങ്ങി'ലെ മമ്മു എന്ന മുഹമ്മദിനെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ മഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിഹാദിനെതിരെ അന്വേഷണം ശക്തമാക്കിയത്.
പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ സ്ത്രീകളെയും സുഹൃത്തുക്കളെയും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നിഹാദും സംഘവും തുടർച്ചയായി നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം, നിഹാദിനെതിരെ മുൻ സുഹൃത്തുക്കളും 'എംആർഎസ് ഗ്യാങ്' അംഗങ്ങളുമായ മമ്മുവും ഷമീറും നേരത്തെ തന്നെ കടുത്ത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളോളം ഒപ്പം നിർത്തി അടിമകളെപ്പോലെയാണ് നിഹാദ് തങ്ങളോട് പെരുമാറിയതെന്നും, ജോലിക്ക് യാതൊരുവിധ പ്രതിഫലവും നൽകാതെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തിരുന്നതായും ഇവർ ആരോപിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നിൽ മാത്രമാണ് നിഹാദ് നല്ലവനായി അഭിനയിക്കുന്നതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ഈ തർക്കങ്ങൾക്കും വെളിപ്പെടുത്തലുകൾക്കുമൊടുവിലാണ് മുൻ സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നിഹാദ് ലൈവ് വീഡിയോകളിലൂടെ അധിക്ഷേപം തുടർന്നത്.
നിലവിൽ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശങ്ങളും സൈബർ ഉപദ്രവങ്ങളും അടങ്ങിയ ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, ഐടി ആക്ട് ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
%20(1).jpg)
0 Comments