ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇത് ബാധകമാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ കൂടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ബിഹാറിൽ ഇത് ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഇത് കൃത്യമായി വോട്ടർമാരെ മാപ്പ് ചെയ്യാൻ സഹായിക്കുകയും പുതിയ വോട്ടർമാർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശികൾ എന്നിവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി.
ചില വിഭാഗങ്ങളെ വ്യാപകമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയായി, പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാൻ വോട്ടർമാർക്ക് മതിയായ അവസരം ലഭിച്ചിട്ടുണ്ടെന്നും പക്ഷപാതമില്ലെന്നും കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
0 Comments