മോദിക്കും രാഹുലിനും തൊട്ടുപിന്നിൽ; പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി സി. ജോസഫ് വിജയിയും




 ഡൽഹി: തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന ആശയം വർഷങ്ങളായി വെറുമൊരു രാഷ്ട്രീയ ആഗ്രഹമായി ഒതുങ്ങിനിന്നിരുന്ന ഒന്നാണ്. എന്നാൽ, തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും മൂന്ന് മാസം പിന്നിടുമ്പോൾ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം സി. ജോസഫ് വിജയ് ഇടംപിടിച്ചിരിക്കുകയാണ്.

2024-ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് ഒടുവിൽ പുറത്തുവന്ന 'ഇന്ത്യ ടുഡേ - സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ' സർവേയിലാണ് രാജ്യത്തെ ഏറ്റവും മികച്ച അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥികളിൽ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വേയിൽ 9.2 ശതമാനം പേര്‍ വിജയിയെയാണ് പിന്തുണച്ചത്. 48.7% പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 27.1% പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പിന്തുണച്ചു.

ടിഎംസി അധ്യക്ഷ മമത ബാനർജി (2%), സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (1.7%), കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്‌കെ (1.3%), ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ (1.2%) എന്നിവരെക്കാൾ ബഹുദൂരം മുന്നിലാണ് വിജയ്.

പ്രതിപക്ഷ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിലും രാഹുൽ ഗാന്ധിക്ക് (29%) പിന്നിലായി 12.2% പിന്തുണയോടെ വിജയ് രണ്ടാമതെത്തി. മമത ബാനർജി (8.5%), അരവിന്ദ് കേജ്‌രിവാൾ (7.5%) തുടങ്ങിയ പ്രമുഖരെ മറികടന്നാണ് വിജയ് ഇടംപിടിച്ചത്.

ദക്ഷിണേന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രധാനമന്ത്രി വേണമെന്ന ടിവികെ നേതാക്കളുടെ പ്രചാരണങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ഈ സർവേ ഫലം. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയും സമയമുണ്ടെങ്കിലും, ഈ കണക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു വിജയ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശക്തിയായി ഉയര്‍ന്നുവരുന്നത്. 2024ൽ ടിവികെ പാര്‍ട്ടി സ്ഥാപിച്ചുകൊണ്ട് സൂപ്പര്‍താരം ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. രണ്ട് വർഷത്തിനുള്ളിൽ, പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും തമിഴ്‌നാട്ടിൽ അധികാരം നേടുകയും 2026-ൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു.

Post a Comment

1 Comments

  1. Afterwards Joseph Vijay only the majority of the people deciding Indian Prime minister, it's surely

    ReplyDelete