വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. വില്ലേജ് ഓഫീസിന് പിൻവശത്തെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. നാലുപേർ അടങ്ങുന്ന സംഘം പുഴയിൽ നീന്തൽ പഠിക്കാൻ എത്തിയതായിരുന്നു. നാലുപേരും ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് ഇന്ന് മൂന്ന് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. കൊടുവള്ളി മാനിപുരത്ത് പുഴയിൽ മീൻ പിടിക്കാൻ എത്തിയ മുഹമ്മദ് ഷഹീൻ (17) മരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

0 Comments