ഇരിട്ടി: ഇരിട്ടിയുടെ മലയോര മേഖല എലിപ്പനി ഭീതിയിൽ. 7 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഈ വർഷം ഇതിനകം 35 പേർക്ക് രോഗം ബാധിക്കുകയും ഇരിട്ടി നഗരസഭാ പരിധിയിൽ ഒരാൾ മരിക്കുകയും ചെയ്‌തു. ഏഴു പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചികിത്സ തേടുകയും ചെയ്തു. തില്ലങ്കേരിയിൽ 2 പേരും മട്ടന്നൂർ, മുഴക്കുന്ന്, ഉളിക്കൽ, വള്ളിത്തോട്, മാലൂർ എന്നിവിടങ്ങളിൽ നിന്നും 1 വീതവും ആളുകളാണ് ചികിത്സയിലുള്ളത്. കൂടാതെ മേഖലയിലെ ഒരു സ്‌കൂളിൽ നിന്നു വിനോദയാത്ര പോയ സംഘത്തിൽ പെട്ട ഒരു വിദ്യാർഥിനി ഗോവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിട്ടുണ്ട്.
ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യമാണ് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ജില്ലയിൽ എലിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ 'ക്വിറ്റ് വീൽസ്' ക്യാംപെയ്ൻ ഉൾപ്പെടെ മേഖലയിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
നെൽ വയൽ അടക്കം വിവിധതരം കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, ക്ലീനിങ് ചെയ്യുന്നവർ, ചെളി വെള്ളവുമായി ഇടപഴകുന്നവർ, പശു വളർത്തുന്നവർ, മൃഗപരിപാലനം നടത്തുന്നവർ, കർണാടകയിൽ ഇഞ്ചിപ്പണി ഉൾപ്പെടെയുള്ള കൃഷിപ്പണികൾക്കു പോകുന്നവർ, മരപ്പണിക്കാർ, ചെളിവെള്ളത്തിൽ കളിക്കുന്ന വിദ്യാർഥികൾ എന്നിവരിലാണ് രോഗ സാധ്യത കൂടുതൽ കണ്ടുവരുന്നത്. ജോലി സമയത്ത് ബുട്ട് ഉപയോഗിക്കുക, മുറിവുകൾ ഉണ്ടെങ്കിൽ ശരിയായി വച്ചുകെട്ടുക, ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക, പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ ശരിയായ വൈദ്യസഹായം തേടുക എന്നീ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗമാണെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ എലിപ്പനിക്കുണ്ട്. മഞ്ഞപ്പിത്തമാണെന്നു സംശയിച്ചു അതിനുള്ള ചികിത്സ മാത്രം ലഭ്യമാക്കിയാൽ രോഗം മൂർച്ചിച്ച് മരണത്തിനു കാരണമാകാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു .
പനി, തലവേദന, ക്ഷീണം, ശക്തമായ ശരീര വേദന, നടുവേദന, കാൽവണ്ണയിലെ പേശിവേദന, കണ്ണിന് മഞ്ഞ നിറം, ചുവപ്പ് നിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ സാഹചര്യം കണ്ടെത്തിയാൽ ഡോക്‌ടറുടെ അടുത്തെത്തി ചികിത്സ തേടണം. മൂത്രത്തിന്റെ അളവിൽ കുറവ്, മൂത്രത്തിനു മഞ്ഞ നിറം, ചുമപ്പ് നിറം എന്നിവ ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇങ്ങനെ സംഭവച്ചാൽ തീവ്രപരിചരണ വിഭാഗം ഉള്ള ആശുപത്രിയിൽ എത്തി ചികിത്സ തേടണം. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ സൗജന്യമായി ലഭിക്കുമെന്നും യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകുന്ന രോഗമാണ് എലിപ്പനിയെന്ന് പൊതുസമൂഹം മനസ്സിലാക്കണമെന്നും ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സുപ്പർവൈസർ രാജേഷ്. വി.ജെയിംസ് അറിയിച്ചു.

0 Comments