ആറളം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ ഗജമുക്തി' ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി വിജയകരമായി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. ബുധനാഴ്ച നടന്ന ദൗത്യത്തിലാണ് കാട്ടാനയെ സുരക്ഷിതമായി കാടുകയറ്റിയത്.
ആറളം ഫാം ബ്ലോക്ക് 13-ലെ ചോമാനി ഓടച്ചാൽ ഭാഗത്ത് നിന്നാണ് വനംവകുപ്പ് എലിഫന്റ് ഡ്രൈവ് ആരംഭിച്ചത്. ഓടച്ചാൽ ഭാഗത്ത് നിന്നും കാട്ടാനയെ കൃത്യമായി ട്രാക്ക് ചെയ്ത ദൗത്യസംഘം, ഉച്ചയ്ക്ക് മുമ്പായി തന്നെ ആനപ്പാറ ഫെൻസിങ് വഴി ആനയെ സുരക്ഷിതമായി വനമേഖലയിലേക്ക് കയറ്റിവിടുകയായിരുന്നു
ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഡ്രൈവിംഗ് ടീമിൽ കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിൽ നിന്നും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിൽ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ഉൾപ്പെടെ 25 പേർ പങ്കെടുത്തു.
വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ മുൻകരുതലുകളാണ് സ്വീകരിച്ചിരുന്നത്. ആറളം പഞ്ചായത്തിൽ ഇതിനായി നിയമിച്ച ലൈസൺ ഓഫീസർമാർ മുഖേന പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ടി.ആർ.ഡി.എം (TRDM), ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളുമായി മികച്ച ഏകോപനം നടത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്.
ആറളം സ്കൂൾ, ടി.ആർ.ഡി.എം ഏരിയയിലെ പ്രദേശവാസികൾ, കുട്ടികൾ, ഫാം തൊഴിലാളികൾ, യാത്രികർ എന്നിവരുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകി. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളാൻ ലൈസൺ ഓഫീസർമാർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
. അവശേഷിക്കുന്ന കാട്ടാനകളെ തുരത്തുന്നതിനായുള്ള ഓപ്പറേഷൻ നാളെ വീണ്ടും പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു

0 Comments