കുഞ്ഞിനെ വേണ്ടെന്ന് 19കാരി; പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ നവജാത ശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കും

 



ആലപ്പുഴ: ഹരിപ്പാട്ട് പ്രസവിച്ചയുടൻ പുറത്തേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ ശിശു ക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന് അമ്മ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റം ഉണ്ടായാൽ കുട്ടിയെ വിട്ടു നൽകും.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 19 കാരിയാണ് പ്രസവിച്ചത്.പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിഷേധിക്കുകയായിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ പെൺകുട്ടി പുലർച്ചെ ഒരുമണിയോടെ ശുചിമുറിയിൽ വെച്ചാണ് പ്രസവിച്ചത്. പൊക്കിൾകൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് കണ്ടെടുത്തത്. അമ്മ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്.

രണ്ടുമാസത്തെ പരിപാലന കാലാവധിയാണ് ശിശുക്ഷേമ സമിതി നൽകുന്നത്. ഈ സമയത്തിനുള്ളിൽ അമ്മയ്ക്ക് മനംമാറ്റമുണ്ടാകുകയും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ തിരികെ നൽകുന്നത് പരിഗണിക്കും. എന്നാൽ കുഞ്ഞിനെ തിരികെ നൽകുന്നതിന് മുൻപ് അമ്മയുടെ മാനസിക നില, സാമൂഹിക സാഹചര്യങ്ങൾ, സാമ്പത്തിക ചുറ്റുപാടുകൾ എന്നിവ കൃത്യമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Post a Comment

0 Comments