'ആരും രാജാവ് ചമയണ്ട, വ്യക്തിഹത്യ നടത്തുന്നത് നോക്കിയും കണ്ടും ചെയ്താൽ കൊള്ളാം'; ജി.സുധാകരന് മറുപടിയുമായി റെജി ചെറിയാൻ




 ആലപ്പുഴ: തോട്ടപ്പള്ളി സന്ദർശനത്തെച്ചൊല്ലി വാക്പോരുമായി അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനും കുട്ടനാട് എംഎൽഎ റെജി ചെറിയാനും. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽ വേയും സന്ദർശിച്ചുവെന്ന് ജി.സുധാകരൻ പറഞ്ഞു. സമ്പത്തിന്‍റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി റെജി ചെറിയാൻ എംഎൽഎ രംഗത്തെത്തുകയായിരുന്നു. ആരുടെയും കയ്യിൽ നിന്ന് പേപ്പർ എഴുതി വാങ്ങി എംഎൽഎ ആയതല്ല താനെന്നും ആരും രാജാവ് ചമയേണ്ടതില്ലെന്നും തന്നെ വ്യക്തിപരമായി പറഞ്ഞാൽ മൂന്നിരട്ടി അപ്പുറം പറയുമെന്നും റെജി ചെറിയാൻ പ്രതികരിച്ചു.

കുട്ടനാട്ടിലെ ജനങ്ങൾ അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തയാളാണ് ഞാൻ. ആരുടെയും കയ്യിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയാളല്ല ഞാൻ. മണ്ണ് വാരാനല്ല ഞാൻ പോയിരുന്നത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്‍റെ പ്രസ്ഥാനം. വ്യക്തിഹത്യ നടത്തുന്നത് നോക്കിയും കണ്ടുമൊക്കെ ആയിരുന്നെങ്കിൽ കൊള്ളാം. ആരും രാജാവാകാൻ ശ്രമിക്കേണ്ടതില്ല. സുധാകരന്‍റെ വിമർശനം യുഡിഎഫിന്‍റെ ശ്രദ്ധയിൽ പെടുത്തും. റെജി ചെറിയാൻ പറഞ്ഞു.

എന്നെ വ്യക്തിപരമായി പറഞ്ഞാൽ മൂന്നിരട്ടി അതിനപ്പുറം ഞാൻ പറയും. അന്നത്തെ കാലത്ത് മണ്ണ് കൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്. തോട്ടപ്പള്ളി പൊഴി തുറന്നുകിടക്കുകയാണെന്ന് അറിയാനാണ് ഞാൻ അവിടംവരെ പോയത്. അതിനുള്ള അവകാശമെല്ലാം കുട്ടനാട് എംഎൽഎക്ക് ഉണ്ടെന്ന് തന്നെയാണ് വിശ്വാസം. എഞ്ചിനീയറും കൂടെയുണ്ടായിരുന്നു. റെജി ചെറിയാൻ വ്യക്തമാക്കി.

നാലും അഞ്ചും പെൻഷനും വാങ്ങി കറങ്ങി നടക്കുന്നയാളല്ല ഞാൻ. ഇവിടെ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതിന്‍റെ പ്രയോജനം പാർട്ടിക്ക് ഉണ്ടായിട്ടുണ്ടാകും. ഞങ്ങൾ എംഎൽഎമാരുടെ രാജാവാകാൻ ഒരാളും ശ്രമിക്കേണ്ടതില്ല. അത് അംഗീകരിക്കാനാകില്ല. സ്നേഹവും ബഹുമാനവും ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടുമുണ്ടാകും. ഇത് ടീം യുഡിഎഫാണ്. ജനാധിപത്യ സംവിധാനമാണ് ഇവിടുള്ളത്

ഞാൻ നാലഞ്ച് പാർട്ടി മാറിയെത്തിയവനാണെന്ന് വരെ അദ്ദേഹം പറഞ്ഞു. ഞാൻ രണ്ട് പാർട്ടിയിൽ മാത്രമാണ് പ്രവർത്തിച്ചത്. ജീവിതകാലം മുഴുവൻ സംരക്ഷണം നൽകിയ പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നതിൽ കുഴപ്പമില്ലെന്നാണോ അദ്ദേഹം പറഞ്ഞുവരുന്നത്? ആരുടെയും ശമ്പളം വാങ്ങുന്നയാളല്ല ഞാൻ. ഏത് സാഹചര്യത്തിലും എവിടെയും കുട്ടനാടിന് വേണ്ടി സധൈര്യം നിലകൊള്ളും. റെജി ചെറിയാൻ കൂട്ടിച്ചേർത്തു.

കുട്ടനാട് എംഎൽഎയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ജി. സുധാകരൻ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയത്. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽ വേയും സന്ദർശിച്ചെന്നും സമ്പത്തിന്‍റെ അഹങ്കാരമാ് റെജി ചെറിയാനെന്നും സുധാകരൻ വിമർശിച്ചിരുന്നു. വകുപ്പ് മന്ത്രിയുടെ അടുത്ത ആളാണ് റെജിയെന്നും തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചിരുന്നു. പിന്നാലെയാണ് റെജി ചെറിയാൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Post a Comment

0 Comments