സ്‌കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളിൽ




സ്‌കൂൾ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്‌കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ ജില്ലയിലെ സ്‌കൂൾ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തി.

സ്‌കൂളുകളിൽ നിന്നും ലഭിച്ച നിർദേശങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ നടപ്പിലാക്കും. ഇതിനുസരിച്ച് ആദ്യഘട്ടത്തിൽ ഫർണിച്ചർ ലഭ്യമാക്കും.

ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി കെട്ടിടത്തിന് അഗ്‌നിശമന സേനയുടെ നിരാക്ഷേപ പത്രം ലഭ്യമാക്കാൻ കണ്ണൂർ കോർപ്പറേഷനേയും സംസ്ഥാന സർക്കാരിനെയും സമീപിക്കും. അഗ്‌നിശമന സേനയുടെ നിരാക്ഷേപ പത്രം കിട്ടാത്തത് കെട്ടിടത്തിലെ വാട്ടർ ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ കണക്ഷൻ ശരിയാകാത്തതിനാലാണ്. ഈ പൈപ്പ് ലൈൻ സംഗീത തീയേറ്ററിന് അടുത്ത് നിന്ന് വേണം വലിക്കാൻ. ഇതിനായി കോർപ്പറേഷൻ അധികൃതരെ സമീപിച്ചു. ഇക്കാര്യം ഒരിക്കൽ കൂടി കോർപ്പറേഷൻ മേയറുമായി ബന്ധപ്പെടുകയും സർക്കാറിനെ സമീപിക്കുകയും ചെയ്യുമെന്ന് പ്രസിഡൻറ് പറഞ്ഞു. കുടിവെള്ളം പമ്പ് ചെയ്യാനായി ഏകദേശം രണ്ട് കോടി രൂപയോളം ജില്ലാ പഞ്ചായത്ത് ഇതിനകം ജല അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ജില്ലയിലെ എല്ലാ വിദ്യാർഥികളെയും സ്‌കൂളുകളെയും അഭിനന്ദിക്കാൻ കണ്ണൂർ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ വിജയോത്സവം സംഘടിപ്പിക്കും. ജൂൺ ആറിന് തുടങ്ങി 13 ന് പൂർത്തിയാക്കും.

ചിറ്റാരിപ്പറമ്പ് ജിഎച്ച്എസിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ 55,000 രൂപ തനത് ഫണ്ടിൽ നിന്നും അനുവദിച്ചു.

എട്ടിക്കുളം എം.എ.എസ്.എസ് ജിഎച്ച്എസ്എസിലെ കുടിവെള്ള സൗകര്യം വിച്ഛേദിച്ചത് സംബന്ധിച്ച പരാതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ സ്‌കൂൾ സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കും

അരോളി ജിഎച്ച്എസ് എസിൽ മൂന്നുവശത്തുമുള്ള റീടെയ്‌നിംഗ് വാളും ചുറ്റുമതിലും പുനർനിർമിക്കാൻ പുതിയ പദ്ധതി തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടന്നപ്പള്ളി ജിഎച്ച്എസ്എസിൽ കുഴൽക്കിണർ നിർമ്മിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

രാമന്തളി ഗ്രാമപഞ്ചായത്തുമായിസഹകരിച്ച് രാമന്തളി ഒ.കെ.കെ.എസ് ജിഎച്ച്എസ്എസിൽ ദ്രവ്യമാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ തീരുമാനിച്ചു. മാട്ടൂൽ സി.എച്ച്.എം.കെ.എസ് ജിഎച്ച്എസിലെ കിഫ്ബി കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 2026-27 ലെ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഫണ്ട് ലഭ്യതക്കനുസരിച്ച് പദ്ധതി തയ്യാറാക്കും.

കാഴ്ച പരിമിതി കാരണം വായന അപ്രാപ്യമായ ഭിന്നശേഷിക്കാർക്ക് പ്രശസ്തമായ 10 പുസ്തകങ്ങൾ ബ്രെയിലി ലിപിയിൽ തയ്യാറാക്കിയിട്ടുണ്ട്. അവ 'ബ്രെയിലി സാക്ഷരത ഡിജിറ്റൽ ബ്രെയിലി സാക്ഷരത' നൂതന പ്രൊജക്റ്റ് പ്രകാരം പഠിതാക്കൾക്ക് ക്ലാസ് നൽകി വരുന്ന പഠന കേന്ദ്രങ്ങളിലും ജില്ലയിലെ എട്ട് ലൈബ്രറികളിലും സൂക്ഷിക്കുന്നതിനുള്ള അനുമതിയും യോഗം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി ഷബ്‌ന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി രവീന്ദ്രനാഥ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ പ്രദീപൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ലെജു എ.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments