തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആര്‍ത്തവ അവധിക്കെതിരെ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ആര്‍ത്തവ അവധിയെടുക്കുമ്പോള്‍ ഇനി അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയുമെന്നും ഇത് നാണക്കേടല്ലേയെന്നുമാണ് ശ്രീലേഖയുടെ ചോദ്യം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കുമെന്നും അവധി എടുക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകാതിരിക്കാന്‍ വാരാന്ത്യങ്ങളില്‍ പ്രത്യേക 'ക്യാച്ച്-അപ്പ് ക്ലാസുകള്‍' നടപ്പിലാക്കുമെന്നാണ് ഇന്നലെ നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. ഈ തീരുമാനത്തിന് വ്യാപക പ്രശംസ ലഭിച്ചിരുന്നു.
ആര്‍. ശ്രീലേഖയുടെ ഫേസ്ബുക് പോസ്റ്റ്...
വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ? ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞ് സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറിനിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന്! ഇതാണോ ആര്‍ത്തവ അന്തസ്സ്? നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹാരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാന്‍ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.

0 Comments