മഴക്കാല പ്രതിരോധത്തിന് സൗജന്യ ഹോമിയോ മരുന്ന് വിതരണം നടത്തി

 


കേളകം:കേളകം ഗ്രാമപഞ്ചായത്തിന്റെയും സിഡിഎസ് കുടുംബശ്രീയുടെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹോമിയോ മരുന്ന് വിതരണം നടത്തി. കേളകം ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ  കേളകം ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും പ്രസിഡണ്ട് പറഞ്ഞു.

സിഡിഎസ് ചെയർപേഴ്സൺ ലീലാമ്മ ജോണി അധ്യക്ഷയായി. കുടുംബശ്രീ പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെയാണ് മരുന്ന് വിതരണം കാര്യക്ഷമമായി നടത്തിയത്. ഹോമിയോ ഡോക്ടർ മേരി ലിനാ ജോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹോമിയോ ഡിസ്പെൻസറി ജീവനക്കാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങളിൽ ആരോഗ്യ ബോധവൽക്കരണം ശക്തമാക്കുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രദേശത്തെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത് സൗജന്യ ഹോമിയോ മരുന്ന് ഏറ്റുവാങ്ങി.

Post a Comment

0 Comments