'ഒന്നരവയസുകാരനെ അഷ്കർ ക്രൂരമായി മർദിച്ചിട്ടും അമ്മ തടഞ്ഞില്ല'; ഒരു മാസത്തോളം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ്

 



തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ അഖിലയെയും ഇവരുടെ സുഹൃത്ത് അഷ്‌കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ അറസ്റ്റ് നെടുമങ്ങാട് പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ അഷ്കർ ക്രൂരമായ മർദനത്തിന് ഇരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മർദനത്തെത്തുടർന്നാണ് കുട്ടി മരണപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയെ അഷ്കർ മർദനത്തിന് ഇരയാക്കിയിട്ടും അമ്മ അഖില തടഞ്ഞില്ല. ഒരു മാസത്തോളം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദനത്തിന്‍റെ പാടുകൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയത്.

Post a Comment

0 Comments