ടിനി ടോമിനെതിരായ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം




കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ചർച്ച ചെയ്യാതെ അമ്മ എക്സിക്യൂട്ടീവ് യോഗം . പ്രസിഡന്‍റ് ശ്വേത മേനോനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടെടുത്തത്. മറ്റ് അംഗങ്ങൾ ചർച്ചവേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്വേത എതിർക്കുകയായിരുന്നു. ടിനിയെ ജയിലിൽ കയറ്റാനാണോ ശ്രമമെന്നും ശ്വേത യോഗത്തിൽ ചോദിച്ചു.

അമ്മയ്ക്കുള്ളിൽ കാര്യങ്ങൾ നീറിപ്പുകയുകയാണ്. ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി അൻസിബ അമ്മയ്ക്ക് നൽകിയ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് അമ്മയുടെ ഒരു വിഭാഗം ഭാരവാഹികൾ. എന്നാൽ അൻസിബയുടെ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചതോടെ ശ്വേതാ മേനോൻ എതിർക്കുകയായിരുന്നു. ജോയിന്‍റ് സെക്രട്ടറി ആയിരുന്ന കാലം മുതൽ അമ്മയിൽ സംസാരിക്കാൻ ഒരുപാട് സമയം കിട്ടിയിരുന്ന ആളാണ് അൻസിബ.

അപ്പോഴൊന്നും ഇല്ലാത്ത പരാതിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കളയാൻ സമയമില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട് . ജനറൽബോഡിയിൽ ചർച്ച ചെയ്യാമെന്നും അമ്മ പ്രസിഡന്‍റ് കൂടിയായ ശ്വേതാ പറഞ്ഞതായാണ് വിവരം. എന്നാൽ നിലവിലുള്ള സമിതിയിൽ വിശ്വാസമില്ലെന്നും പ്രത്യേക സമിതി രൂപീകരിക്കാതെ തന്‍റെ വാദം പറയാൻ തയ്യാറാകില്ലെന്നാണ് അൻസിബയുടെ നിലപാട്. പ്രത്യേക സമിതി വേണ്ടെന്ന നിലപാടിൽ തന്നെയാണ് അമ്മ നേതൃത്വം.

Post a Comment

0 Comments