പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

 



തിരുവനന്തപുരം: സംസ്ഥാനത്തെ 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന പ്രക്രിയ കുറ്റമറ്റതാക്കുന്നതിനും യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കുന്നതിനുമായി സർക്കാർ താൽക്കാലിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർധനവ് അനുവദിക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനൽ സീറ്റ് വർധനവും, എയ്ഡഡ് സ്കൂളുകളിൽ 20% വർധനവും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, ആവശ്യമുന്നയിക്കുന്ന എയ്ഡഡ് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികമായി 10% കൂടി സീറ്റ് വർധനവ് അനുവദിക്കാവുന്നതാണ്.

കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനവ് ലഭിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള മറ്റ് അഞ്ച് താലൂക്കുകളിലെ സ്കൂളുകളിലും 20% വർധനവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകളിൽ നിന്ന്, നിലനിർത്തേണ്ടതില്ലെന്ന് അറിയിച്ച ഒരെണ്ണം ഒഴികെ ബാക്കി 313 ബാച്ചുകൾ ഈ വർഷവും തുടരുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രകാരം ജൂൺ 8ന് ട്രയൽ അലോട്ട്മെന്റും, ജൂൺ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ 1ഓടെ അലോട്ട്മെന്റ് നടപടികൾ അവസാനിക്കുകയും ജൂലൈ 2ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ആഗസ്റ്റ് 5 വരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടക്കും, ആഗസ്റ്റ് 5ഓടെ അഡ്മിഷൻ നടപടികൾ പൂർത്തിയാകും.

Post a Comment

0 Comments