നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും




 ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികളെ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.

കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ സഞ്ജയ് ഹവിൽദാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സിബിഐക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികൾ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുകയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കോച്ചിങ് സെന്‍ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് സിബിഐ നീക്കം. മനീഷ സഞ്ജയ്, മനീഷ മണ്ഡൊരെ എന്നീ അധ്യാപകർ വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ പകർപ്പ് അയച്ചുനൽകിയതായാണ് വിവരം. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് അന്വേഷണസംഘം ഉടനെത്തും.

നിലവിൽ അറസ്റ്റിലായ മൂന്ന് അധ്യാപകരിൽ നിന്ന് ചോദ്യപേപ്പറിന്‍റെ പകർപ്പ് സിബിഐ പിടിച്ചെടുത്തു. കോച്ചിങ് സെന്‍ററുകൾ കേന്ദ്രീകരിച്ച് വൻ പണമിടപാടാണ് നടന്നതെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടിൽ കേന്ദ്രസർക്കാരിനെയും എൻടിഎയും സുപ്രിംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. ചോർച്ചയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമർപ്പിക്കാൻ ഇരുവർക്കും സുപ്രിംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്.


2026 മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ഔദ്യോഗിക പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത്തവണ എൻടിഎ പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സബ്ജക്ട് എക്സ്പെർട്ടുകൾ തന്നെയാണ് പ്രധാന പ്രതികൾ. പൂനെയിലെ ബയോളജി ലെക്ചററായ മനീഷ ഗുരുനാഥ് മന്ദ്ഹാരെ, കെമിസ്ട്രി പ്രഫസറായ പി.വി. കുൽക്കർണി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎ വിദഗ്ധർ എന്ന നിലയിൽ ചോദ്യപേപ്പറുകളിലേക്ക് പൂർണമായ പ്രവേശനമുണ്ടായിരുന്ന ഇവർ, പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ പൂനെയിലെ തങ്ങളുടെ വീടുകളിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക 'കോച്ചിങ് ക്ലാസുകൾ' നടത്തി. യഥാർഥ ചോദ്യപേപ്പറിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യങ്ങൾ അതേപടി ഇവർ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും നോട്ടുപുസ്തകങ്ങളിൽ എഴുതിക്കുകയും ചെയ്തതായി സിബിഐ കണ്ടെത്തി.

Post a Comment

0 Comments