തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആദ്യം അറസ്റ്റിലായ നിതിന്‍, മനോജ്, ജീവന്‍, ഷഹിന്‍, ശ്രീജിത്ത് എന്നീ അഞ്ച് പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കേസിലെ പ്രധാന പ്രതികളാണ് ആദ്യം അറസ്റ്റിലായ അഞ്ച് പേര്‍. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തത് ഇവരുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് സിപിഎം ഓഫീസില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ചെറിയ മുറിവുകള്‍ മാത്രമാണുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഡ്യൂട്ടിയില്‍ ആയിരുന്നപ്പോളല്ലെന്നും പ്രതികള്‍ അവകാശപ്പെട്ടു. വാഹനം സ്വകാര്യ വാഹനമാണെന്നും പൊതുമുതലിന്റെ പരിധിയില്‍ വരില്ലെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍, കോടതി ജാമ്യം നല്‍കാന്‍ തയ്യാറായില്ല. പ്രോസിക്യൂഷനും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.
പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടികയും കല്ലും കമ്പും ഉപയോഗിച്ച് ആക്രമിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അക്രമ പരമ്പരയ്ക്ക് സാധ്യതയെന്നും ആദ്യം അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ രണ്ടാംഘട്ടത്തില്‍ അറസ്റ്റിലായ ആറ് പ്രതികളെ കോടതി ഇന്ന് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസില്‍ ആകെ 20ഓളം പേരാണ് അറസ്റ്റിലായത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ രണ്ട് എഫ്ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ആസൂത്രിതമായ ഗൂഢാലോചന ആക്രമത്തിന് പിന്നില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി.

0 Comments