ബംഗളൂരു :മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ട് വൈകാരിക പ്രതികരണവുമായി സിദ്ധരാമയ്യ. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രിയായതുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത സ്ഥാനത്താണ് താന്‍ എത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത്തരമൊരു യാത്രയെ പരുവപ്പെടുത്തിയ എല്ലാവര്‍ക്കും തനിക്കെതിരായ തെറ്റാ പ്രചാരണത്തെ പ്രതിരോധിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. ഇതാ താന്‍ ആ വാക്കുപാലിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
തനിക്കെതിരെ തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും പലരും ശ്രമിച്ചുവെന്ന് സിദ്ധരാമയ്യ വിശദീകരിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞ ലക്ഷ്യങ്ങളില്‍ നിന്നോ വാഗ്ദാനങ്ങളില്‍ നിന്നോ താന്‍ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും നിറവേറ്റിയ ചാരിതാര്‍ഥ്യം തനിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസ് എനിക്ക് അവസരം തന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി കെ ശിവകുമാറാകും പുതിയ മുഖ്യമന്ത്രി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലോക് ഭവനില്‍ എത്തി ഗവര്‍ണറുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കി.ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് രാജിക്കത്ത് സ്വീകരിക്കും. രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎല്‍എ ആയി തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വത്തിന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ വ്യക്തമാക്കി

0 Comments