ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം, സ്കൂളുകൾക്ക് അവധി, വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164ആയി

 



കാരക്കാസ്: ഒന്നിന് പുറകേ ഒന്നായി രണ്ട് അതിശക്ത ഭൂചലനം. വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേർക്കാണ് തുടർച്ചയായുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ മരണസംഖ്യ ആദ്യം 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണ് ബുധനാഴ്ചയുണ്ടായത്. ഭൂചലനത്തിന്റെ ആഘാതം വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 1050 മൈൽ അകലെയുള്ള ബ്രസീലിന്റെ ആമസോൺ മേഖലകളിൽ വരെ അനുഭവപ്പെടുകയും ചെയ്തു. ഭൂചലനത്തെത്തുടർന്ന് വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളീവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

രാജ്യത്തെ സ്കൂളുകൾക്ക് ദിവസങ്ങളോളം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്കൂളുകൾ താൽക്കാലിക അഭയകേന്ദ്രങ്ങളായും സംഭാവനകൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളായും ഉപയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി. തീരദേശ സംസ്ഥാനമായ ഫാൽക്കണിൽ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഭൂചലനം നടന്ന് നാല് മണിക്കൂറുകൾക്ക് ശേഷവും 15 പേർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഗവർണർ വിക്ടർ ക്ലാർക്ക് വ്യക്തമാക്കി. യു.എസ്. ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ആദ്യത്തെ ഭൂചലനം മൊണ്ടാൽബാൻ നഗരത്തിന് 17.6 മൈൽ വടക്കുപടിഞ്ഞാറായി 8.2 മൈൽ ആഴത്തിലാണ് ഉണ്ടായത്. തുടക്കത്തിൽ ഇത് 7.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും പിന്നീട് 7.2 ആയി പുതുക്കി നിശ്ചയിച്ചു. എന്നാൽ ഈ ഭൂചലനം നടന്ന് വെറും 39 സെക്കന്റുകൾക്ക് ശേഷം, ആദ്യത്തെ പ്രഭവകേന്ദ്രത്തിന് തൊട്ടുവടക്കായി മൊണ്ടാൽബാൻ നഗരത്തിന് 21 മൈൽ വടക്കുപടിഞ്ഞാറായി 7.5 തീവ്രതയുള്ള രണ്ടാമത്തെ അതിശക്തമായ ഭൂചലനവും അനുഭവപ്പെട്ടു. ഇതൊരു ഇരട്ട ഭൂചലനമായിരുന്നുവെന്നും 7.5 തീവ്രതയുള്ള പ്രധാന ഭൂചലനത്തിന് തൊട്ടുമുമ്പുള്ള പ്രകമ്പനമായിരുന്നു ആദ്യത്തേതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് നാഷണൽ വെതർ സർവീസിന്റെ യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപുകളിലും സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു

Post a Comment

0 Comments