പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ക്രിക്കറ്റ് കോച്ച് മനുവിന് 35 വർഷം കഠിന തടവ്

 



തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ മനുവിന് 35 വർഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2018ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തെന്നും പരാതിയുണ്ട്. മാത്രമല്ല താത്പര്യത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് മനു പരിശീലനം നിഷേധിച്ചെന്നുമാണ് കേസ്.

35 വർഷത്തെ കഠിന തടവിന് പുറമെ 65,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം 6 വർഷവും 9 മാസവും അധികതടവും അനുഭവിക്കണം. 2024ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കടുക്കാൻ എത്തിയ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് എല്ലാം പുറത്തു വരുന്നത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും പരാതി നൽകിയത്. പിന്നാലെ പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നാം കേസിലും മനുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസിൽ ശനിയാഴ്ച ശിക്ഷ വിധി പറയും.

Post a Comment

0 Comments