തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ വിമർശനത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിനോദിനി പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ആരും കോടിയേരിയുടെ കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഇടക്ക് കോടിയേരിയുടെ വീട്ടിൽ പോവാറുണ്ട്. പാർട്ടി അവഗണിക്കുന്നില്ല. നായനാരുടേയും ചടയൻ ഗോവിന്ദന്റേയും കുടുംബത്തെ സന്ദർശിക്കാറുണ്ട്. വിനോദിനി ബാലകൃഷ്ണൻ പറഞ്ഞ പോളിറ്റ്ബ്യൂറോ അംഗം ആരാണെന്ന് അറിയി'ല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് അവഗണനയെന്ന് വിനോദിനി പച്ചക്കുതിര മാഗസിന് നൽകി അഭിമുഖത്തിലാണ് പറഞ്ഞത്. കോടിയേരി വിട്ടുപോയതിന് ശേഷം പാർട്ടി നേതൃത്വത്തിലുള്ളവരുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്ന് പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിനോദിനി പറഞ്ഞത്.
'നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്' എന്നു പോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാന് പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സഹദുഃഖം പങ്കിടുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോൺ എടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻവേണ്ടി പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോൺ എടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല' -എന്നാണ് വിനോദിനി പറഞ്ഞത്. വിനോദിനിയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ എം.വി ഗോവിന്ദനെയാണ് ഉദ്ദേശിച്ചാണെന്ന രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.
0 Comments