ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി




 തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ക്രിക്കറ്റ് കോച്ചായ വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനുവിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തിരുവനന്തപുരം അതിവേഗ കോടതി നാളെ ശിക്ഷ വിധിക്കും. ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് വിധി പുറപ്പെടുവിച്ചത്.

ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. നേരത്തെ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മനുവിനെ കോടതി ശിക്ഷിച്ചിരുന്നു.

2018ലാണ് പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ ജോയിന്‍ ചെയ്തത്. പിന്നീട് പരിശീലനത്തിനെന്ന പേരില്‍ ശുചിമുറിയിലും ജിമ്മിലും കൊണ്ടുപോയി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോച്ചിങ്ങിനെത്തിയ ഒന്നിലധികം പെണ്‍കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.

ഇതിലൊരു പെണ്‍കുട്ടി പുറത്തുവെച്ച് പ്രതിയെ കാണുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ നിലവില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ നാല് കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. ഒരു കേസില്‍ കഴിഞ്ഞ മാസം ഇതേ കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ കോച്ച് കൂടിയാണ് മനു.

Post a Comment

0 Comments