‘മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹം: യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനം’; പിണറായി വിജയൻ


മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം കൂടിയുണ്ട്. വില കുറഞ്ഞ മദ്യം സുലഭമായി ലഭ്യമാകുമ്പോൾ മദ്യത്തിന്റെ ഉപയോഗം കുത്തനെ വർധിക്കും. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. മദ്യത്തിൻറെ വില കുറയ്ക്കലാണോ ഈ സർക്കാരിൻറെ മുൻഗണനയെന്നും പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജനങ്ങളുടെ വിവിധങ്ങളായ ജീവൽപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണെന്ന് പിണറായി വിജയൻ ചോദിച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിർദ്ദേശങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

ഇന്നലെ യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഒരു വൻ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്. സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ, വീര്യം കുറഞ്ഞത് എന്ന പേരിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലധികം ഇളവ് നൽകി 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിർദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവയ്ക്കുകയാണ്.

ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കാലാകാലങ്ങളിൽ മദ്യത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തിവരുന്നത്. എന്നാൽ, മദ്യത്തിന്റെ നികുതി പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാർക്കറ്റിൽ സുലഭമായി ലഭ്യമാകുമ്പോൾ മദ്യത്തിന്റെ ഉപയോഗം കുത്തനെ വർദ്ധിക്കും. വീര്യം കുറഞ്ഞതാണ് നൽകുന്നത് എന്ന ന്യായമുയർത്തിയാലും മദ്യത്തിന്റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വർദ്ധിക്കുന്നത്. വീര്യം കുറഞ്ഞതിൽ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നത്.

ജനങ്ങളുടെ വിവിധങ്ങളായ ജീവൽപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണ്? മദ്യത്തിന്റെ വില കുറയ്ക്കലാണോ ഈ സർക്കാരിന്റെ മുൻഗണന? അത് സമൂഹത്തിന് ഭവിഷ്യത്തല്ലാതെ എന്ത് മെച്ചമാണ് ഉണ്ടാക്കുക? മുൻ വർഷങ്ങളിൽ അബ്കാരി നയത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മത-സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വർദ്ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ നികുതി പകുതിയോളം കുറച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിർദ്ദേശങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. നമ്മുടെ ഭാവി തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

Post a Comment

0 Comments