യുഎസ് - ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ധനകമ്മി ഇരട്ടിയായി വര്‍ധിച്ചു. 2027 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 21.4 ശതമാനത്തില്‍ എത്തി. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ധനകമ്മി 3.62 ലക്ഷം കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ധനകമ്മിയേക്കാള്‍ ഇരട്ടിയാണിത്. യുഎസ്-ഇറാന്‍ യുദ്ധം മൂല്യം രാജ്യത്തിന്റെ ചിലവുകള്‍ വര്‍ധിച്ചതാണ് ധനകമ്മി ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

യുദ്ധം മൂലം ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നിരുന്നു. വില വര്‍ധനവ് മൂലം പല തീരുവകളും കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പുറമേ ഇന്ധന കയറ്റുമതിക്കുള്ള തീരുവകളിലും മാറ്റം വരുത്തിയിരുന്നു. ഇന്ധനവില വര്‍ധനവിന്റെ ബാധ്യത മുഴുവന്‍ ജനങ്ങള്‍ക്ക് കൈമാറാതിരുന്നതും പ്രതിസന്ധിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം, ഇന്ത്യക്കുള്ള പ്രതിസന്ധി വര്‍ധിപ്പിച്ച് ഇറാന്‍ യുദ്ധം ഉടനടി തീരാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധമവസാനിപ്പിക്കാന്‍ അമേരിക്കക്കും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും താല്‍പര്യമില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നയതന്ത്ര പ്രശ്‌നപരിഹാരത്തോട് അമേരിക്കക്ക് പ്രതിബദ്ധതയില്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് പ്രസ്താവിച്ചു. ലെബനാനില്‍ തുടരുന്ന യുദ്ധവും നിരന്തരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിന്റെ തെളിവുകളാണെന്നും ഗാലിബാഫ് പറഞ്ഞു. അതേസമയം, യുഎസ് കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും അവര്‍ വിലയൊടുക്കിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പൊതുശത്രുവിന്റെ വാക്കുകളെയും വാഗ്ദാനങ്ങളെയും ഇനിയും മുഖവിലക്കെടുക്കാനാവില്ല. പ്രകടമായ പ്രതികരണങ്ങള്‍ ഉറപ്പുതരാത്ത കരാറുകളിലേക്ക് പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. യുദ്ധക്കളത്തിലെ ഇറാന്റെ നേട്ടങ്ങളെ നയതന്ത്രവേദിയിലും നിയമപരമായും രാഷ്ട്രീയപരമായും തുടരാനാണ് ആഗ്രഹം'. ഗാലിബാഫ് വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇറാനെ തകര്‍ക്കാനുള്ള യുഎസ് നീക്കത്തെയും സ്പീക്കര്‍ ഗാലിബാഫ് അപലപിച്ചു. ഇത്തരം നീചമായ നീക്കങ്ങളെ ഇറാന്‍ ജനത തിരിച്ചറിയുമെന്നും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments