ഹരിയാന: കുപ്രസിദ്ധ കുറ്റവാളി ഗോപാൽ സോണിപത് ഹരിയാന പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ട് കൊലക്കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് കൊല്ലപ്പെട്ട ഗോപാൽ. പൊലീസുമായി ഉണ്ടായ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളിന് പരിക്കേറ്റിറ്റുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ വലയിലാക്കാനുള്ള ഓപ്പറേഷന് പദ്ധതിയിട്ടിരുന്നതെന്ന് സോണിപത് പൊലീസ് കമ്മീഷണർ മമത സിംഗ് അറിയിച്ചു.
പൊലീസിനെ കണ്ടയുടൻ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഗോപാൽ, തിരിച്ച് വെടിയുതിർത്തതോടെ രണ്ട് വെടിയുണ്ട പൊലീസ് വാഹനത്തിലും ഒരു വെടിയുണ്ട ഹെഡ് കോൺസ്റ്റബിൾ ദേവേന്ദ്രന്റെ കൈയ്യിലും തുളച്ചു കയറുകയായിരുന്നു. തുടർന്ന് സ്വയം രക്ഷയ്ക്കായി പൊലീസ് വീണ്ടും വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ ഖാൻപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഹെഡ് കോൺസ്റ്റബിളിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർ വ്യക്തമാക്കി.
സോണിപത് ജില്ലയിലെ അതായൽ ഗ്രാമവാസിയായ ഗോപാൽ സ്ഥിരം കുറ്റവാളിയാണ്. 2016ൽ ഗനൗർ മേഖലയിൽ നടന്ന മറ്റൊരു കൊലപാതകക്കേസിലും ഇയാൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ഫെബ്രുവരിയിൽ ഇയാൾ 70 ദിവസത്തേക്ക് പരോളിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഈ കാലയളവിൽ ഇയാൾ മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കീഴടങ്ങാതെ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്.

0 Comments